മസ്കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാൾ വിലയിൽ ആറു ശതമാനം കുറവാണ് വിലയില്‍ രേഖപെടുത്തിയിരിക്കുന്നത്. ഒമാൻ സർക്കാർ ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതിനു ശേഷം, നവംബർ മാസം വരെ ഇന്ധന വിലയിൽ വർദ്ധനവ് ആണ് ഉണ്ടായിരുന്നത്.

എം 95 ഗ്രേഡ് പെട്രോളിന് പതിനാല് ബൈസയും എം 91 ഗ്രേഡിനും , ഡീസലിനും പതിമൂന്നു ബൈസയുമാണ് ജനുവരി മാസത്തിലെ വിലയിൽ കുറവ് രേഖപെടുത്തിയിരിക്കുന്നത്.  ഇതനുസരിച്ച് എം 95 ലിറ്ററിന് 209 ബൈസയും എം 91ന് 198 ബൈസയും, ഡീസലിന് 238 ബൈസയുമാണ് ജനുവരി മാസത്തിൽ നൽകേണ്ടത്.

ഡിസംബർ മാസത്തിൽ യഥാക്രമം 223 ബൈസയും 211 ബൈസയും ഡീസലിന് 251 ബൈസയുമായിരുന്നു വില. ഇന്ധന വിലയിൽ ഒരു ലിറ്ററിന് മുകളിൽ ആറു ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

2016 ജനുവരി പതിനഞ്ചിനു ഒമാൻ സർക്കാർ ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതിനു ശേഷം, എല്ലാ മാസവും വിലയിൽ നേരിയ വർധനവ് ആയിരുന്നു രേഖപെടുത്തികൊണ്ടിരുന്നത്. ഇത് 2018 നവംബറായപ്പോഴേക്കും 94 ശതമാനം വില വർധനവ് ഉണ്ടായി.

എന്നാൽ ദേശിയ സബ്‌സിഡി കാര്യാലയം 2018 ഡിസംബർ മുതൽ പ്രഖ്യാപിച്ചു വരുന്ന ഇന്ധന വിലയിൽ കുറവാണ് അനുഭവപെടുന്നത്. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾക്ക് പ്രതിസന്ധികൾ മറികടക്കാൻ ഒമാൻ സർക്കാർ "ദേശിയ ഇന്ധന സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.