Asianet News MalayalamAsianet News Malayalam

'കൊറോണ വൈറസ്'; യുഎഇ സര്‍ക്കാറിനോട് ഖേദം പ്രകടിപ്പിച്ച് ഫിലിപ്പൈന്‍സ്

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ദുബായില്‍ ഫിലിപ്പൈനി വനിത മരിച്ചതെന്ന് നേരത്തെ തന്നെ ദുബായ് ഹെല്‍ത്ത് അതോരിറ്റി അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധിതയായാണ് ഇവര്‍ മരിച്ചതെന്നായിരുന്നു ഫിലിപ്പൈന്‍സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. 

Philippines government official apologises to Dubai over death claim
Author
Dubai - United Arab Emirates, First Published Feb 8, 2020, 8:37 PM IST

ദുബായ്: യുഎഇയില്‍ മരണപ്പെട്ട ഫിലിപ്പൈന്‍ സ്വദേശിക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നുവെന്ന പ്രസ്താവനകള്‍ക്ക് ഫിലിപ്പൈന്‍സ് ഖേദപ്രകടനം നടത്തി. യുഎഇയിലെ അല്‍ സഹ്‍റ ആശുപത്രിയില്‍ മരിച്ച ഫിലിപ്പൈന്‍ വനിതയ്ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ലെന്ന് വെള്ളിയാഴ്ച ഫിലിപ്പൈന്‍സ് ലേബര്‍ ആന്റ് എംപ്ലോയ്‍മെന്റ് വകുപ്പ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ദുബായില്‍ ഫിലിപ്പൈനി വനിത മരിച്ചതെന്ന് നേരത്തെ തന്നെ ദുബായ് ഹെല്‍ത്ത് അതോരിറ്റി അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധിതയായാണ് ഇവര്‍ മരിച്ചതെന്നായിരുന്നു ഫിലിപ്പൈന്‍സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ദുബായ് ഹെല്‍ത്ത് അതോരിറ്റിക്ക് കീഴിലുള്ള പത്തോളജി ആന്റ് ജെനിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനകളുടെ ഫലം തങ്ങള്‍ക്ക് ലഭിച്ചുവെന്നും മരണപ്പെട്ട വ്യക്തിക്ക് കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചതായും ഫിലിപ്പൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. നേരത്തെ ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കൊറോണ ബാധിച്ചെന്ന പ്രസ്താവന നടത്തിയതെന്നും ഇതുകൊണ്ടുണ്ടായ ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ദുബായ് ഭരണകൂടത്തോട് ഖേദം പ്രകടിപ്പിക്കുന്നതായും ഫിലിപ്പൈന്‍സ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ യുഎഇയില്‍ മറ്റ് രണ്ട് പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ചൈനീസ് പൗരനും ഫിലിപ്പൈനിക്കുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ ഏഴ് പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios