കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പൈന്‍സ് അധികൃതര്‍ തിരികെ അയക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കുവൈത്തില്‍ വെച്ച് ഫിലിപ്പൈനിയായ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മരിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിയത്. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഫിലിപ്പൈന്‍സ് അറിയിച്ചിരുന്നു.

ജനുവരി 15 മുതല്‍ ഫിലിപ്പൈനില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഫിലിപ്പൈന്‍സ് ലേബര്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പുതിയ ഗാര്‍ഹിക തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ കുവൈത്തിലുള്ളവര്‍ക്ക് അവധിക്ക് നാട്ടിലേക്ക് വന്നാല്‍ തിരികെ പോകാന്‍ തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളാരെയും ഫിലിപ്പൈന്‍സ് അധികൃതര്‍ തിരിച്ച് അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പ്രശ്നങ്ങളില്ലാതെ കുവൈത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്കും ഇതോടെ തിരികെ വരാന്‍ കഴിയാതായി. പലരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്.