ഷാര്‍ജ: അശ്ലീല സി.ഡികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്. എമിറ്റേറ്റില്‍ നടത്തിയ റെയ്‍ഡുകളിലാണ് ഇത്രയധികം സി.ഡികള്‍ കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു ഏഷ്യന്‍ രാജ്യത്ത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന സി.ഡികളുടെ നിരവധി കോപ്പികള്‍ തയ്യാറാക്കിയ സംഘവും അറസ്റ്റിലായിട്ടുണ്ട്.

അശ്ലീല സി.ഡികളുടെ കോപ്പികള്‍ തയ്യാറാക്കി ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളിലും മറ്റും വില്‍പന നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെയും ഉദ്യഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിട്ടുണ്ട്. ദീര്‍ഘനേരം ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്ന് മാതാപിതാക്കളെയും അധികൃതര്‍ ഓര്‍മിപ്പിച്ചു.

കുട്ടികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സൈബര്‍ ക്രിമനലുകളെ സൂക്ഷിക്കണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളും ഓണ്‍ലൈന്‍ പര്‍ച്ചേസുകളും നിരീക്ഷിച്ച് ഇത്തരം വസ്‍തുക്കള്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.