മക്ക: സുപ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഹജ്ജ് തീര്‍ത്ഥാടനം അവസാന ഘട്ടത്തിലേക്ക്. ഹജ്ജ് തീര്‍ത്ഥാടകര്‍ ജംറയിലെ ആദ്യ കല്ലേറ് കര്‍മ്മവും ത്വവാഫുല്‍ ഇഫാദയും നിര്‍വ്വഹിച്ചു. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന് ശേഷം മുസ്ദലിഫയിലെത്തി താമസിച്ച് വെള്ളിയാഴ്ച രാവിലെയാണ് തീര്‍ത്ഥാടകര്‍ മിനയിലെത്തിയത്.        

അതിന് ശേഷം ജംറത്തുല്‍ അഖബയില്‍ ആദ്യ കല്ലേറ് കര്‍മ്മം നടത്തി. തുടര്‍ന്ന് മക്കയിലെ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദയും നിര്‍വ്വഹിച്ചു. കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ് കല്ലേറ് കര്‍മ്മവും ത്വവാഫും നടന്നത്. ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തീര്‍ത്ഥാടകര്‍ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ചത്.

ഓരോ ഗ്രൂപ്പിനും ഓരോ ലീഡറുണ്ടായിരുന്നു. എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയ ശേഷം പാക്കറ്റുകളിലാക്കിയാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. മൂന്ന് ജംറകളില്‍ പ്രധാന ജംറയായ ജംറത്തുല്‍ അഖബയിലാണ് വെള്ളിയാഴ്ച കല്ലേറ് കര്‍മ്മം നടത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ മൂന്ന് ജംറകളിലും കല്ലെറിയും. ജംറയിലേക്കുള്ള പോക്കുവരവുകളും കല്ലേറ് കര്‍മ്മവും അനായാസമാക്കുന്നിത് വേണ്ട സൗകര്യങ്ങള്‍ ക്രമീകരിച്ചിരുന്നു.