ദുബൈ മര്‍ഗമിലെ സ്‍കൈ ഡൈവ് ക്ലബ് ഏരിയയിലായിരുന്നു സംഭവം. പാരാമോട്ടോര്‍ എഞ്ചിന്‍ ഘടിപ്പിച്ച അമെച്വര്‍ ഗ്ലൈഡര്‍ പറക്കുന്നിതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. 

ദുബൈ: ദുബൈയില്‍ പാരാഗ്ലൈഡിങിനിടെയുണ്ടായ അപകടത്തില്‍ ഗ്ലൈഡര്‍ പൈലറ്റ് മരിച്ചു. പറക്കുന്നതിനിടെ ഗ്ലൈഡര്‍ തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ എയര്‍ ആക്സിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ അന്വേഷണം തുടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ദുബൈ മര്‍ഗമിലെ സ്‍കൈ ഡൈവ് ക്ലബ് ഏരിയയിലായിരുന്നു സംഭവം. പാരാമോട്ടോര്‍ എഞ്ചിന്‍ ഘടിപ്പിച്ച അമെച്വര്‍ ഗ്ലൈഡര്‍ പറക്കുന്നിതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. മരണപ്പെട്ട പൈലറ്റ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll to load tweet…

Read also: റോഡിന് നടുവില്‍ വാഹനം പെട്ടെന്ന് നിര്‍ത്തി, പിന്നെ നടന്നത് കൂട്ടയിടി; വീഡിയോ പുറത്തുവിട്ട് പൊലീസ്

കഴിഞ്ഞയാഴ്‍ച യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‍കിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ബുധനാഴ്ച ചെറുവിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അധികൃതര്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഒറ്റ എഞ്ചിനുള്ള സെസ്‍ന കാരവന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാനായി പറക്കുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളുകളില്ലാത്ത സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. അതുകൊണ്ടുതന്നെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പൈലറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎഇ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്റര്‍, അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ്, യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗര്‍ സ്ഥലത്തെത്തി പ്രദേശത്തെ സുരക്ഷിതത്വം ഉറപ്പുവരുത്തി.

Read also:  ദുബൈ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ ശിക്ഷ വിധിച്ചു