മലപ്പുറം: അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. പ്രവാസികള്‍ക്ക് പരിഗണന നേരത്തെ തന്നെ ഇല്ല. ഇപ്പോൾ അവഹേളനം കൂടിയായി. ഇതര സംസ്ഥാനത്തുള്ള ആളുകൾക് കൊടുക്കുന്ന പരിഗണന പോലും പ്രവാസി മലയാളികൾക്ക് കൊടുക്കുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു‍. അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന തരത്തില്‍ ഉത്തരവിറക്കാനുള്ള ആത്മധൈര്യം അവിശ്വസനീയമാണ്. അതിഥി തൊഴിലാളികളും പ്രവാസികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതിഥി തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.