അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ വിമാനം യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു.
മിനിപോളിസ്: പറന്നുയര്‍ന്ന വിമാനത്തില്‍ ശക്തമായ ടര്‍ബുലന്‍സ് അനുഭവപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് 25 പേര്‍ക്ക് പരിക്കേറ്റത്.
ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഡിഎൽ56, എയര്‍ബസ് A330-900 വിമാനത്തിലാണ് സംഭവം. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയര്‍ന്ന വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി വഴിതിരിച്ചു വിടുകയും മിനിപോളിസില്‍ ഇറക്കുകയുമായിരുന്നു. പ്രാദേശിക സമയം രാത്രി 7.25 ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ആകെ ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രയില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നു.
പെട്ടെന്നുണ്ടായ കുലുക്കത്തിൽ വിമാനത്തിനുള്ളിൽ പലരും സീറ്റിൽ നിന്ന് തെറിച്ച് വീഴുകയും സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ കുലുക്കത്തിൽ വിമാനത്തിനുള്ളിൽ പലരും സീറ്റിൽ നിന്ന് തെറിച്ച് വീഴുകയും സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. ശക്തമായ ടര്‍ബുലന്‍സ് മൂലം വിമാനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിമാനം ലാന്‍ഡ് ചെയ്ത ഉടനെ മിനിപോളിസ്-സെന്‍റ് പോള്‍ എയര്‍പോര്‍ട്ട് ഫയര്‍ വിഭാവും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മെഡിക്കല്‍ സഹായവും മറ്റും ഉറപ്പാക്കിയതായി എയര്‍പോര്‍ട്ട് വക്താവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ പരിക്കേറ്റ 25 പേരെ പിന്നീട് ആശുപത്രികളിലേക്ക് മാറ്റി. എമര്‍ജന്‍സി സംഘങ്ങളുടെ പിന്തുണക്ക് നന്ദി പറയുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു. സുരക്ഷയാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ പ്രഥമ പരിഗണനയെന്നും ഉപഭോക്താക്കളെ സഹായിക്കുന്നതിനായി കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
