ദ്വിദിന സന്ദര്‍ശനത്തിനായി സൗദിയിലെ ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് സൗദി അറേബ്യ ഒരുക്കിയത്.
ജിദ്ദ: സൗദി സന്ദർശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയിൽ വൻ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയൽ എയർഫോഴ്‌സ് അസാധാരണ സ്വീകരണം നൽകി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്‌സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൗദി എയർഫോഴ്സിൻറെ ഈ അസാധാരണ നടപടി. മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്‍റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ- സൗദി സ്ട്രാറ്റിജിക് കൗൺസിൽ യോഗം, ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച്ച ഉൾപ്പടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ഇന്ത്യയും സൗദിയും തമ്മിൽ പ്രധാനപ്പെട്ട കരാറുകളുടെയും സഹകരണത്തിന്റെയും പ്രഖ്യാപനങ്ങളും നടക്കും.
