റിയാദ്: മക്കയില്‍ റോഡിലെ ഗതാഗതം തടസപ്പെടുത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മക്ക ഗവര്‍ണറേറ്റിന് മുന്‍വശത്തുള്ള മെയിന്‍ റോഡില്‍ കാര്‍ കുറുകെ നിര്‍ത്തിയിട്ട ശേഷം കാറിന് മുകളില്‍ കയറിനിന്നായിരുന്നു ഭീഷണി. പെട്രോള്‍ കന്നാസുമായി കാറിന് മുകളില്‍ നിന്ന ഇയാള്‍, താന്‍ പെട്രോളൊഴിച്ച് തീകൊളുത്തുമെന്നും ഭീഷണിമുഴക്കി.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കാറിന് മുകളില്‍ നിന്ന് താഴെയിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. യുവാവ് മാനസിക രോഗിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന് മുകളില്‍ കയറി നിന്ന് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.