കഴുത്തറുത്ത നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറം ലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് റിപ്പോർട്ട് പ്രകാരം അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്‍റില്‍ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആദ്യത്തേത് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തി, അത് കുറ്റകൃത്യം ചെയ്ത ശേഷം ആത്മഹത്യ ചെയ്ത ഭർത്താവിന്റെതായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്. 

രാത്രിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിന്‍റെ ശബ്ദവും സ്ത്രീയിൽ നിന്നുള്ള നിലവിളിശബ്ദങ്ങളും കേട്ടതായും അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് സംഭവത്തിൽ ഇടപെടാൻ സാധിച്ചില്ലെന്നും വൃത്തങ്ങൾ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിട്ടു.

Read Also -  കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രെലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം. ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം