നിയമവിരുദ്ധമായ തരത്തില്‍ ശബ്‍ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു വാഹനം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കുവൈത്ത് സിറ്റി: കുവൈത്തില്‍‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം (Security men attacked). റൗദയില്‍ (Rawdah) നിയമലംഘകനെ പിടികൂടിയ പൊലീസ് സംഘത്തിന് നേരെ പതിനൊന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു (fired warning shots in the air). കുവൈത്തിലെ അല്‍ റായ് ദിനപ്പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.

നിയമവിരുദ്ധമായ തരത്തില്‍ ശബ്‍ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു വാഹനം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഹനം തടഞ്ഞ ഉദ്യോഗസ്ഥര്‍ അതിലെ ഡ്രൈവറോട് ഐ.ഡി ആവശ്യപ്പെട്ടു. ഇയാള്‍ തിരിച്ചറിയല്‍ രേഖ നല്‍കാന്‍ വിസമ്മതിക്കുകയും തന്റെ പതിനൊന്ന് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. 

എല്ലാവരും ചേര്‍ന്ന് പൊലീസ് സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കുട്ടത്തിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെ പൊലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചു. ഇതോടെയാണ് യുവാക്കള്‍ പിരിഞ്ഞുപോയത്. യുവാക്കളില്‍ ചിലരുടെ വാഹനങ്ങളുടെ നമ്പറുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‍ത് അന്വേഷണ സംഘത്തിന് കൈമാറി.