പ്രശസ്ത കവിയും സാഹിത്യകാരനുമായ  പ്രൊഫ. കെ സച്ചിദാനന്ദന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് പ്രതിഭ ഭാരവാഹികള്‍ ഈ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യേകം തയ്യാര്‍ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മനാമ: ബഹ്‌റൈന്‍(Bahrain) പ്രതിഭ പ്രഥമ നാടക പുരസ്‌കാരം രാജശേഖരന്‍ ഓണംതുരുത്തിന്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ബഹ്റൈന്‍ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമായി മാറിയ ബഹ്റൈന്‍ പ്രതിഭയില്‍ നിന്നും അന്തര്‍ദേശീയ മലയാളി സമൂഹ നാടക രചയിതാക്കളെ അഭിസംബോധന ചെയ്യുന്ന ഇദം പ്രഥമമായ നാടക രചന അവാര്‍ഡാണിത്.

പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് പ്രതിഭ ഭാരവാഹികള്‍ ഈ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യേകം തയ്യാര്‍ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മാനം ഡിസംബറില്‍ കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 

ബഹ്റൈന്‍ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്‌കാരമാണിത്. 2019 ന് ശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടക രചനകളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. കേരള നാടക വേദിയിലെ അറിയപ്പെടുന്ന മികച്ച നാടക എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അയച്ച ഇരുപത്തിയൊന്ന് രചനകളില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

1986 സപ്തംബറില്‍ പതനം എന്ന നാടകത്തോടെ ആരംഭിച്ച പ്രതിഭയുടെ നാടക പ്രയാണം ഒന്നിനൊന്ന് മികച്ചതും ആയിര കണക്കിന് കാണികളുടെ കണ്ണും മനവും കവര്‍ന്നതുമായ പതിനാല് നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചു മുന്നേറുകയാണ്. അനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഡോ. സാംകുട്ടിയെ പോലുള്ളവരുടെ ശിക്ഷണം ഈ നാടക സപര്യക്ക് പിറകിലുണ്ട്. നൂറ് കണക്കിന് നാടക കലാകാരന്‍മാരെയും സാങ്കേതിക വിദഗ്ദരെയും സംവിധായകരെയും ബഹ്റൈന്‍ മലയാള നാടക ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞ അഭിമാനവും പ്രതിഭക്കുണ്ട്.

കൊവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായ നാടക കലാകാരന്‍മാരുടെ കൂടെയാണ് ബഹ്റൈന്‍ പ്രതിഭ. അതിനാല്‍ തന്നെ ഈ അവാര്‍ഡ് ചെറിയ തോതിലെങ്കിലും മലയാള നാടക ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാകുമെന്നാണ് പ്രതീക്ഷ. അതുവഴി കഷ്ടത അനുഭവിക്കുന്ന മലയാള നാടക കലാകാരന്‍മാര്‍ക്ക് ആശ്വാസമാകുന്ന പരിപാടികളുമായി പ്രവാസ ലോകത്തിലെ മറ്റിതര സന്നദ്ധ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അംഗങ്ങളുടെ പ്രതീക്ഷ. ഈ അവാര്‍ഡിനോട് സഹകരിച്ച് പ്രവര്‍ത്തിച്ച പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. സാം കുട്ടി പട്ടംകരിയോടുള്ള കൃതജ്ഞതയും രേഖപ്പെടുത്തുന്നതായി പ്രതിഭ അംഗങ്ങള്‍ പറഞ്ഞു.

പ്രഥമ പ്രതിഭ നാടക പുരസ്‌കാരം പ്രൊഫ. കെ സച്ചിദാനന്ദനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്, ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെഎം സതീഷ്, നാടക വേദിയുടെ ചാര്‍ജ് ഉള്ള രക്ഷാധികാരി സമിതി അംഗം എംകെ വീരമണി, നാടക വേദി കണ്‍വീനര്‍ മനോജ് തേജസ്വിനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.