യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. നിയമങ്ങൾ പ്രകാരം അഞ്ച് വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി പലർക്കും പത്ത് വർഷമോ അതിൽ കൂടുതലോ, 15 വർഷം വരെയോ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ്. 

ദില്ലി: യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. യുകെയിലെ പുതിയ ഇമിഗ്രേഷൻ നടപടികൾ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. യയാശങ്കറിനും ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണർക്കും പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്.

നിലവിലെ നിയമങ്ങൾ പ്രകാരം അഞ്ച് വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി പലർക്കും പത്ത് വർഷമോ അതിൽ കൂടുതലോ, 15 വർഷം വരെയോ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഇടപെടൽ. വലിയ സാമ്പത്തിക ബാധ്യതയോടെയാണ് നിരവധിയായ ഇന്ത്യക്കാർ യുകെയിൽ അഞ്ച് വർഷം കൊണ്ട് സ്ഥിരതാമസ അനുമതി ലഭിക്കും എന്ന ഒറ്റ പ്രതീക്ഷയോടെ കുടിയേറിയത്. പുതിയ നയം നിരവധിയായ ഇന്ത്യക്കാരെ കടുത്ത മാനസിക സംഘര്ഷത്തിലേക്കും മറ്റും നയിക്കുന്ന നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, യുകെ ചാപ്റ്റർ പ്രസിഡണ്ട് അഡ്വ. സോണിയ സണ്ണി തുടങ്ങിയവർ നിവേദനം നൽകിയത്. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യുകെ അധികൃതർ ഈ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പറഞ്ഞു