അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. മാളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ അനുമതി നല്‍കി. ആകെ ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു.

കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നമസ്‍കരിക്കാനെത്തുന്നവര്‍ക്ക് ഒറ്റത്തവണ ഉപയോഗത്തിനുള്ള മാറ്റുകള്‍ നല്‍കും. സ്‌മാര്‍ട്ട് ഫോണുകളില്‍ അല്‍ ഹുസ്‍ന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ ഓരോരുത്തരും ഉപയോഗിച്ച ശേഷം അണുവിമുക്തമാക്കും. ഓരോ സമയത്തെയും നമസ്‍കാരത്തിന് ശേഷം പ്രാര്‍ത്ഥനാ മുറികളും അണുവിമുക്തമാക്കുകയും അടുത്ത പ്രാര്‍ത്ഥനാ സമയം വരെ അടച്ചിടുകയും ചെയ്യും. ജൂലൈ ഒന്നു മുതല്‍ യുഎഇയിലെ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മാളുകളിലെ പ്രാര്‍ത്ഥാനാ മുറികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.