റിയാദ്: മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ താത്ക്കാലികമായി നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ തീരുമാനിച്ചു. പള്ളികളിൽ ബാങ്ക് മാത്രം വിളിക്കും. രാജ്യവാസികൾ സ്വന്തം താമസസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കാനും പണ്ഡിത സഭ നിർദേശം നൽകി. 

മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ മാത്രം ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നടക്കും. മക്ക, മദീന ഹറമുകൾ ഒഴികെ രാജ്യത്തെ മുഴുവൻ പള്ളികളുടെയും കവാടങ്ങൾ താൽക്കാലികമായി അടച്ചിടും. പള്ളികളിൽ നിന്ന് അഞ്ചുനേരവും ബാങ്ക് മാത്രം മുഴങ്ങും. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇരു ഹറമുകളിൽ ഒഴികെ രാജ്യത്തെ ബാക്കി മുഴുവൻ പള്ളികളിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെക്കാൻ സൗദി പണ്ഡിതസഭ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. 

മുതിർന്ന സൗദി പണ്ഡിതന്മാരുടെ സഭ ചൊവ്വാഴ്ച റിയാദിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. കോവിഡ് 19ന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രാജ്യത്തെ മുഴുവൻ മേഖലകളിലേയും പള്ളികളിലെ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ നിർത്തിവെക്കാൻ തീരുമാനമെടുത്തത്. ഇരുഹറമുകളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കി. വൈറസ് അതിവേഗം പകരുന്നതിന്റെ ഗൗരവം ചർച്ചയായി. ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ മനുഷ്യ ജീവന് വലിയ ഭീഷണിയാകുമെന്നും ആളുകൾ ഒരുമിച്ച് കൂടുന്നത് രോഗപകർച്ചക്ക് വലിയ കാരണമാകുമെന്നും വിവരിക്കുന്ന ആരോഗ്യ മന്ത്രിയുടെ റിപ്പോർട്ട് പണ്ഡിത സഭ പരിശോധിച്ചു. പുതിയ തീരുമാനമനുസരിച്ച് പള്ളിയുടെ കവാടങ്ങൾ താൽക്കാലികമായി അടച്ചിടും. അഞ്ചുനേരവും ബാങ്ക് മുഴങ്ങും.