മസ്‍കത്ത്: അനുവാദമില്ലാതെ ദേശീയ മുദ്ര ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്നു ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയം. വാണിജ്യ  ആവശ്യങ്ങൾക്കായി ദേശീയ മുദ്ര  ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖഞ്ജറും രണ്ടു വാളുകളും അടങ്ങിയതാണ് ഒമാന്റെ ദേശീയ മുദ്ര.  ഇതോടൊപ്പം കിരീടവും കൂടി ചേർന്നതാണ് രാജകീയ മുദ്രയായി ഉപയോഗിക്കുന്നത്. 

2013ലാണ് ഈ മുദ്രകൾ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് കൊണ്ടുള്ള ഉത്തരവ് മന്ത്രാലയം പുറത്തിറക്കിയത്. വാണിജ്യ ആവശ്യത്തിന് നിർമിക്കുന്ന ഉത്പന്നങ്ങളിലോ പരസ്യങ്ങളിലോ ഈ ചിഹ്‌നങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഔദ്യോഗിക മുദ്ര പതിപ്പിച്ച ഉത്പന്നങ്ങൾ നിർമിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവർ മന്ത്രാലയത്തിൽ നിന്നും മുൻ‌കൂർ അനുമതി നേടിയിരിക്കണം. ഒമാൻ ഭരണാധികാരിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനും  മന്ത്രാലയം കർശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെഎതിരെ ബോധവത്കരണ ക്യാമ്പയിനുകൾ     സംഘടിപ്പിക്കുമെന്നും ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.