കുവൈത്ത് സിറ്റി: കൊറോണവൈറസുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ സസ്‍പെന്‍ഡ് ചെയ്യുമെന്നും ആരോഗ്യ മന്ത്രാലത്തിലെ പ്രൈവറ്റ് മെഡിക്കല്‍ സര്‍വീസസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു.

കൊറോണ രോഗബാധയുടെ സംശയിക്കപ്പെടുന്ന രോഗികളെ സ്വകാര്യ ആശുപത്രികള്‍ ഡിസ്‍ചാര്‍ജ് ചെയ്യാന്‍ പാടില്ല. പകരം ഇവരെ നിര്‍ദിഷ്ട ഐസൊലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇത്തരം രോഗികളെ ഉടന്‍ തന്നെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനായി സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ എമര്‍ജന്‍സി ഡയറക്ടറേറ്റുമായി ബന്ധപ്പെടണമെന്നും ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു.