Asianet News MalayalamAsianet News Malayalam

സൗദിയിൽ പ്രിവിലേജ് ഇഖാമയുടെ വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത് 73 പേരെ

  • സൗദി അറേബ്യ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രിവിലേജ് ഇഖാമകളുടെ വിതരണം ആരംഭിച്ചു.
  • കർശന പരിശോധനയിലൂടെ തെരഞ്ഞെടുത്ത 73 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ ഇഖാമ അനുവദിക്കുന്നത്.
privilege iqama distribution started in saudi
Author
Saudi Arabia, First Published Nov 12, 2019, 8:58 PM IST

റിയാദ്: സൗദി അറേബ്യ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രിവിലേജ് ഇഖാമകളുടെ (പ്രീമിയം റെസിഡൻസി കാർഡ്) വിതരണം ആരംഭിച്ചു. രാജ്യത്ത് സ്ഥിരതാമസം ഉള്‍പ്പെടെ പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങളിൽ ഭൂരിഭാഗവും വിദേശികൾക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ മെയ് മാസത്തിലാണ് സൗദി മന്ത്രി സഭ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രീമിയം റസിഡന്‍സി സെൻറർ (എസ്എപിആർസി) എന്ന ഏജൻസി ആരംഭിച്ചുകൊണ്ടാണ് ഇഖാമയ്ക്ക് വേണ്ടി അപേക്ഷകൾ സ്വീകരിച്ചതും ഇപ്പോൾ ആദ്യ ബാച്ച് വിതരണം ആരംഭിച്ചതും.

ആയിരക്കണക്കിന് അപേക്ഷകളുണ്ടായെന്നും അതിൽ നിന്ന് കർശന പരിശോധനയിലൂടെ തെരഞ്ഞെടുത്ത 73 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ ഇഖാമ അനുവദിക്കുന്നതെന്നും എസ്പിആർസി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യ പട്ടികയിലുള്ളത്. നിക്ഷേപകർ, ഡോക്ടർമാർ, എൻജിനീയർമാർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർക്കാണ് ആദ്യ ഘട്ടത്തിൽ ഇഖാമ ലഭിച്ചത്. സൗദി പൗരൻ സ്പോണ്‍സറായി വേണ്ടാതെ വിദേശികൾക്ക് രാജ്യത്ത് വ്യവസായങ്ങൾ നടത്താനും തൊഴിൽ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസരേഖയാണ് പ്രീമിയം ഇഖാമ‍.

ഒറ്റത്തവണ എട്ട് ലക്ഷം റിയാൽ  നൽകി സ്വന്തമാക്കാവുന്ന സ്ഥിരമായ ഇഖാമയും പ്രതിവർഷം ഒരു ലക്ഷം റിയാൽ വീതം നൽകി പുതുക്കേണ്ടതുമായ മറ്റൊരു ഇഖാമയുമാണ് നിലവിലുള്ളത്. അതേസമയം തൊഴിൽ ലെവിയോ ആശ്രിത ലെവിയോ വിദേശികൾക്ക് നിർബന്ധമായ മറ്റ് സർക്കാർ ഫീസുകളോ ബാധകമല്ല. ഈ രണ്ട് വിഭാഗത്തിലുമായാണ് 73 ഇഖാമകൾ ആദ്യ പട്ടികയിൽ അനുവദിച്ചത്. പ്രീമിയം ഇഖാമ സ്വന്തമാക്കിയാല്‍ കുടുംബത്തേയും വീട്ടു ജോലിക്കാരെയും സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനും ഒപ്പം താമസിപ്പിക്കാനുമുള്ള അനുമതിയുണ്ട്. മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യാവസായിക, സ്വകാര്യ ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും മക്കയിലും മദീനയിലും 99 വർഷ കാലാവധിയുടെ പാട്ട വ്യവസ്ഥയിൽ കെട്ടിടങ്ങളോ വസ്തുക്കളൊ എടുക്കാനുംഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യാനും ഇഷ്ടമുള്ള സ്ഥാപനങ്ങളിലേക്ക് ജോലി മാറാനും പ്രമീയം ഇഖാമ ഉണ്ടെങ്കിൽ സാധിക്കും. എന്നാൽ സ്വദേശി സംവരണം ഇല്ലാത്ത തസ്തികകളാവണം എന്ന് മാത്രം.

വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികൾക്ക് മാത്രമായുള്ള പ്രത്യേക പാസ്പോർട്ട് ഡെസ്കും ഇവര്‍ക്കുപയോഗിക്കാം. www.saprc.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ പ്രീമിയം ഇഖാമക്ക് വേണ്ടി അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരം ഇഖാമ അനുവദിച്ചതോടെ പെട്രോളിതര മേഖലകളിലൂടെ വരുമാനം വർധിക്കുമെന്നും വിദേശത്തേക്ക് പണമൊഴുകുന്നതിനും ബിനാമി ബിസിനസിനും അന്ത്യമാകുമെന്നുമാണ് സർക്കാർ കരുതുന്നത്. സൗദിക്കകത്തുള്ളവരാണ് അപേക്ഷകരെങ്കിൽ കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. 60 ദിവസത്തെ തടവിനോ ഒരു ലക്ഷം റിയാൽ പിഴയ്ക്കോ ശിക്ഷിക്കപ്പെട്ടാൽ പ്രീമിയം ഇഖമാ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. തെറ്റായ വിവരമാണെന്ന് തെളിയിക്കപ്പെട്ടാൽ റദ്ദാക്കപ്പെട്ട ഇഖാമ തിരിച്ചുനൽകും. വ്യക്തി മരിച്ചാലും ഇഖാമ റദ്ദാകും. 

Follow Us:
Download App:
  • android
  • ios