മനാമ: ബഹ്റൈനില്‍ പള്ളി മിനാരങ്ങളില്‍ മൊബൈല്‍ ടവര്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ. സതേണ്‍ മുനിസിപ്പാലിറ്റി ഇന്ന് ഇത് സംബധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. മൊബൈല്‍ ടവറുകള്‍ വീടുകളില്‍ നിന്ന് അകലേക്ക് മാറ്റാന്‍ ഇത് സഹായകമാവുമെന്നാണ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പുറമെ ആരാധനാലയങ്ങള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയിലും ഇവ ഉപകാരപ്രദമാകുമെന്നും വിലയിരുത്തി. കൗണ്‍സില്‍ നിര്‍ദേശം ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.