സ്റ്റാർലിങ്ക് വൈ-ഫൈ വഴി ഐഎംജിയുടെ സ്പോർട്സ് 24 ചാനലുമായി ചേർന്നാണ് തത്സമയ സ്പോർട്സ് സ്ട്രീമിങ് ഖത്തർ എയർവേസ് ഉറപ്പാക്കുന്നത്.
ദോഹ: ലോകത്തിന്റെ ഏത് കോണിലുള്ള കായികമേളകളും ആകാശ യാത്രയിൽ തത്സമയം ആസ്വദിക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കുകയാണ് ഖത്തർ എയർവേസ്. സ്റ്റാർലിങ്കും, ആഗോള സ്പോർട്സ് മാർക്കറ്റിങ് ഏജൻസിയായ ഐ.എം.ജിയുമായും സഹകരിച്ചാണ് യാത്രക്കാർക്ക് തത്സമയ സ്പോർട്സ് സ്ട്രീമിങ് ഉറപ്പാക്കിക്കൊണ്ട് ഖത്തറിന്റെ ദേശീയ എയർവേസ് വ്യോമയാന മേഖലയിലെ നിർണായക ചുവടുവെപ്പ് കുറിച്ചത്.
ഖത്തർ എയർവേസ് യാത്രക്കാർക്ക് ഇനി സ്പോർട്സ് 24, സ്പോർട്സ് എക്സ്ട്രാ ചാനലുകളിലൂടെ ലോകത്തിന്റെ ഏത് കോണിലുള്ള കായികമേളകളും 35,000 അടിക്ക് മുകളിൽ പറക്കുമ്പോഴും ആസ്വദിക്കാനാവും. സ്റ്റാർലിങ്കുമായി സഹകരിച്ച് വിമാനയാത്രയിൽ സ്പോർട്സ് 24 വഴി തത്സമയ സ്പോർട്സ് സ്ട്രീമിങ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആഗോള എയർലൈനാണ് ഖത്തർ എയർവേസ്.എയർലൈൻ, ക്രൂസ് യാത്രക്കാർക്ക് സ്പോർട്സ് സ്ട്രീമിങ് ലഭ്യമാക്കുന്ന ലോകത്തെ ഏക പ്ലാറ്റ്ഫോമാണ് സ്പോർട്സ് 24. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ ഉപയോഗിച്ചുതന്നെ യാത്രക്കാർക്ക് യുവേഫ ചാമ്പ്യൻസ് ലീഗ്, ഫോർമുല വൺ, ക്ലബ് ലോകകപ്പ്, എൻ.ബി.എ, റഗ്ബി ലീഗ്, മോട്ടോ ജി.പി തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഇവന്റുകൾ തത്സമയം കാണാൻ കഴിയും.
യാത്രക്കാർക്ക് അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം നൽകുന്ന മിന മേഖലയിലെ ഏക എയർലൈൻനായ ഖത്തർ എയർവേസ്, ആഗോള തലത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നാണ്. നിലവിൽ ബോയിങ് 777, എയർബസ് എ 350 വിമാനങ്ങളിൽ സേവനം ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർലിങ്ക് സേവനമുള്ള വിമാനത്തിലെ യാത്രക്കാർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സ്പോർട്സ് 24 വെബ് സ്ട്രീമിങിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാവും. കൂടാതെ, ഇന്ന് വാണിജ്യ എയർലൈനുകളിൽ ലഭ്യമായ ഒരേയൊരു ലൈവ് സ്പോർട്സ് ചാനലായ ഐഎംജിയുടെ പ്രീമിയം ഉള്ളടക്കങ്ങൾ തടസ്സമില്ലാത്ത ആസ്വദിക്കാനും കഴിയും.

