ദോഹ: ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ ധാരണ പ്രകാരമുള്ള ചില സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള ബുധനാഴ്ചത്തെ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിനും സര്‍വ്വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒപ്പുവെച്ചിരുന്നു. ഇത് പ്രകാരമാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.

എയര്‍ ബബിള്‍ ധാരണാ പത്രം ഓഗസ്റ്റ് 18 മുതലാണ് നിലവില്‍ വന്നത്. ഓഗസ്റ്റ് 18 മുതല്‍ 31 വരെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സര്‍വ്വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ബുക്കിങ് ആരംഭിച്ചിരുന്നു. ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. അതേസമയം 18ന് ഇന്‍ഡിഗോ വിമാനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരുമായി ദോഹയിലെത്തിയിരുന്നു. 

യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍)അംഗീകൃത മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് പരിശോധന നടത്താവുന്നതാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. https://www.icmr.gov.in എന്ന ലിങ്ക് വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അറിയാം.