ദോഹ: ഖത്തറില്‍ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അംബാസഡര്‍ വഹിച്ച പങ്കിനോടുള്ള ആദര സൂചകമായാണ് കഴിഞ്ഞ ദിവസം അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ബഹുമതി സമ്മാനിച്ചത്. 

ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനത്തിന് പിന്തുണയും സഹകരണവും നല്‍കിയ അമീറിന് അംബാസഡര്‍ നന്ദി അറിയിച്ചു. പുതിയ ചുമതലകളിലേക്ക് പ്രവേശിക്കുന്ന അംബാസഡര്‍ക്ക് അമീര്‍ വിജയാശംസകള്‍ നേര്‍ന്നു. 2016 ഒക്ടോബര്‍ മുതല്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പ്രവര്‍ത്തിച്ചുവരുന്ന പി. കുമരന്, സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായാണ് അടുത്ത നിയമനം.