ഖത്തറിൽ നിർത്തിവെച്ചിരുന്ന സമുദ്ര ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ രാവിലത്തെ ഷിഫ്റ്റിൽ മാത്രമായി പുനരാരംഭിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
ദോഹ: ഖത്തറിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സമുദ്ര ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ രാവിലത്തെ ഷിഫ്റ്റിൽ മാത്രമായി പുനരാരംഭിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
അതേസമയം വൈകുന്നേരത്തെ ഷിഫ്റ്റിൽ കപ്പലുകളിലെ വിനോദം, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് തുടരും. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തി(ജി.പി.എസ്)ലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് സമുദ്ര ഗതാഗതം താത്കാലികമായി നിർത്തിവെച്ചത്. ഇത് മറൈൻ നാവിഗേഷൻ ഉപകരണങ്ങളുടെ കൃത്യതയെയും നാവിഗേഷൻ സുരക്ഷയെയും ബാധിച്ചേക്കാം.
കപ്പൽ ഉടമകളും നാവികരും നിർദേശങ്ങൾ പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. സൂര്യാസ്തമയത്തിന് മുമ്പ് കപ്പൽ യാത്രയിൽ നിന്ന് മടങ്ങണമെന്നും 12 നോട്ടിക്കൽ മൈലിനപ്പുറം കപ്പൽ യാത്ര ചെയ്യരുതെന്നുമാണ് മന്ത്രാലയം നൽകിയ നിർദേശങ്ങൾ. നാവികരുടെ സുരക്ഷയ്ക്കും തുറമുഖങ്ങളിലേക്ക് അവരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കുന്നതിനുമായാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കുലറിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


