ദോഹ: ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് ഇന്ന് 155 പേര്‍ക്കെതിരെ നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാക്കിയ ശേഷം 4,553 പേരാണ് ഇതുവരെ നിയമലംഘനത്തിന് പിടിയിലായതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം വാഹനങ്ങളില്‍ അനുവദനീയമായ പരമാവധി എണ്ണത്തില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തതിന് 277 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം ഡ്രൈവറുള്‍പ്പെടെ നാല് പേര്‍ക്കാണ് കാറുകളില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. എന്നാല്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.