ദോഹ: ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷനുള്ള സമയപരിധി നാളെ അവസാനിക്കും. ഇനി മുതല്‍ വിസ പുതുക്കാനുള്‍പ്പെടെ ദേശീയ മേല്‍വിലാസ നിയമം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 

18 വയസ്സിന് മുകളില്‍ പ്രായമുള്ള ഖത്തര്‍ ഐഡിയുള്ള രാജ്യത്തെ സ്വദേശികള്‍, പ്രവാസികള്‍ എന്നിവര്‍ വ്യക്തിഗതമായും തൊഴിലുടമകള്‍ കമ്പനികളുടെ വിലാസങ്ങളും ആഭ്യന്തരമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 26 ആണ്. ഇനിയും രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ തടസ്സം നേരിടുന്നവര്‍ക്കുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.  

രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തമന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങള്‍ വാരാന്ത്യ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ജൂലൈ 25, 26 തീയതികളില്‍ രാവിലെ എട്ട് മുതല്‍ 12 വരെയാകും സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. മിസൈമിര്‍, വക്‌റ, റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒനൈസ, അല്‍ ശഹാനിയ,  അല്‍ ദ ആയിന്‍, അല്‍ഖോര്‍, ശമാല്‍, ഉം സലാല്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക.  

മെട്രാഷ് ടു ആപ്പ്, ആഭ്യന്തര മന്ത്രാലയം ഇ സര്‍വ്വീസ് പോര്‍ട്ടല്‍ എന്നിവ വഴി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മെട്രാഷ് ടു ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണുന്ന നാഷണല്‍ അഡ്രസ് ലോ എന്ന വിന്‍ഡോയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പൗരന്‍മാര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെല്ലാം തങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ഈടാക്കും. സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും.