ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചുള്ള ശരാശരി ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 176.18 മെഗാബൈറ്റുകളാണ്. അപ്‍ലോഡിങ് വേഗതയാവട്ടെ 25.13 എം.ബിപി.എസും.

ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് ഖത്തറിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് വേഗത അളക്കുന്ന വെബ്‍സൈറ്റായ Ooklaയുടെ ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 നവംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചുള്ള ശരാശരി ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 176.18 മെഗാബൈറ്റുകളാണ്. അപ്‍ലോഡിങ് വേഗതയാവട്ടെ 25.13 എം.ബിപി.എസും. 2021 നവംബറിലെ ഇന്റര്‍നെറ്റ് വേഗതയെ അപേക്ഷിച്ച് ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഒരു വര്‍ഷം മുമ്പ് ശരാശരി ഡൗണ്‍ലോഡിങ് വേഗത 98.10 എംബിപിഎസ് ആയിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ 176.18 എംബിപിഎസ് ആയി ഉയര്‍ന്നത്. 2021ല്‍ യുഎഇക്കായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേനവം ലഭ്യമാവുന്ന രാജ്യമെന്ന സ്ഥാനമുണ്ടായിരുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇപ്പോള്‍ യുഎഇ തന്നെയാണ്. 139.41 എംബിപിഎസ് ആണ് യുഎഇയിലെ ശരാശരി ഡൗണ്‍ലോഡിങ് വേഗത. പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള എല്ലാ രാജ്യങ്ങളിലെയും ശരാശരി ഇന്റര്‍നെറ്റ് വേഗത 100 എംബിപിഎസിന് പുറത്താണ്. മൂന്നാം സ്ഥാനത്ത് നോര്‍വെയും (131.54 എംബിപിഎസ്) നാലാം സ്ഥാനത്ത് ദക്ഷിണ കൊറിയയുമാണ് (118.76 എംബിപിഎസ്). ഡെന്മാര്‍ക്ക് (113.44), ചൈന (109.40), നെതല്‍ലന്റ്സ് (109.06) മക്കാഉ (106.38), ബള്‍ഗേറിയ (103.29), ബ്രൂണൈ (102.06) എന്നീ രാജ്യങ്ങളാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത്. 

കുവൈത്തും സൗദി അറേബ്യയുമാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളില്‍. ബഹ്റൈന്‍ 15-ാം സ്ഥാനത്തും ഒമാന്‍ 38-ാം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ 105-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 18.26 എംബി പിഎസ് ആണ് ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡിങ് വേഗതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍ 115-ാം സ്ഥാനത്തും ശ്രീലങ്ക 118-ാം സ്ഥാനത്തും ബംഗ്ലാദേശ് 119-ാം സ്ഥാനത്തുമാണുള്ളത്. അഫ്‍ഗാനിസ്ഥാന്‍ ആണ് ഏറ്റവും കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള രാജ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Read also: ള്‍ഫില്‍ നിന്ന് കിലോകണക്കിന് ഉള്ളിയും വാങ്ങി നാട്ടില്‍ പോകുന്ന ചില പ്രവാസികള്‍..! കാരണം ഇതാണ്