ദോഹ: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന് സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സംഘം ബെയ്‌റൂത്തിലെത്തി. അടിയന്തര സഹായമടങ്ങിയ ഖത്തര്‍ അമീരി എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് വിദഗ്ധ സംഘം ലെബനനിലെത്തിയത്. ഖത്തറിന്റെ വിമാനത്തിനുള്ള പ്രവേശനവും കാര്‍ഗോ ഏറ്റവുങ്ങുന്നതിനുള്ള നടപടിക്രമങ്ങളും ലെബനനിലെ ഖത്തര്‍ എംബസി മുഖേനയാണ് പൂര്‍ത്തിയായത്. ബെയ്‌റൂത്തിലെത്തിയ ഖത്തര്‍ വിമാനത്തെ ലെബനീസ് റെഡ്‌ക്രോസുമായി സഹകരിച്ച് ലെബനനിലെ ഖത്തര്‍ റെഡ്ക്രസന്റ് പ്രതിനിധികള്‍ സ്വീകരിച്ചു. 

റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസുമായി(ആര്‍എസിഎ)സഹകരിച്ച് ലെബനനിലെ ജനങ്ങള്‍ക്കായി 50 ദശലക്ഷം റിയാല്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 'ഹാര്‍ട്ട് ഫോര്‍ ബെയ്‌റൂത്ത്' ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുകയാണ് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ആരോഗ്യ, ഭക്ഷ്യ, ഷെല്‍ട്ടര്‍ മേഖലകളില്‍ സഹായമെത്തിക്കുകയാണ് ഖത്തര്‍ റെഡ്ക്രസന്റ് ഇതിലൂടെ ലഭ്യമിടുന്നത്. ബെയ്‌റൂത്തിലെയും സമീപ പ്രദേശത്തെയും ദുരിതമനുഭവിക്കുന്ന മൂന്ന് ലക്ഷത്തിലധികെ പേര്‍ക്ക് ക്യാമ്പയിനിലൂടെ സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ റെഡ്ക്രസന്റ് വ്യക്തമാക്കുന്നത്. 

വ്യത്യസ്ത ഘട്ടങ്ങളായുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത് ഭക്ഷണ പാക്കറ്റുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, ആരോഗ്യ സംവിധാനം എന്നിവ എത്തിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസ ഭക്ഷണ വിതരണം, 25,000 പേര്‍ക്ക് ധനസഹായം, തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി എന്നിവ നടപ്പിലാക്കുകയാണ്. ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ട് വരണമെന്ന് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.  

ബെയ്റൂത്ത് സ്ഫോടനം; സഹായവുമായി സൗദിയിൽ നിന്ന് മൂന്നാമത്തെ വിമാനവും ലെബനനിലേക്ക്