ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28 മുതല്‍ ആരംഭിക്കും. മുമ്പ് ഓഗസ്റ്റ് ഒന്നു മുതലാണ് ഈ ഘട്ടം തുടങ്ങുകയെന്നാണ് അറിയിച്ചിരുന്നത്. ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി ഉന്നതര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. 

ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരവും പെരുന്നാള്‍ പ്രാര്‍ത്ഥനയും നടക്കും. ബലിപെരുന്നാളിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഈദ്ഗാഹുകളുണ്ടാകും. എല്ലാ സാഹചര്യങ്ങളിലും ആളുകള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. പള്ളികളില്‍ എത്തുന്നവര്‍ സ്വന്തമായി നമസ്‌കാരപടവും ഖുര്‍ആനും കൈവശം കരുതണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ദീര്‍ഘകാല രോഗികള്‍ എന്നിവര്‍ വീടുകളില്‍ തന്നെ നമസ്‌കരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ 30 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. അടഞ്ഞ സ്ഥലങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുത്. 50 ശതമാനം ശേഷിയില്‍ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനാനുമതിയില്ല. മൊത്തവ്യാപാര മാര്‍ക്കറ്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. 75 ശതമാനം ശേഷിയില്‍ സൂഖുകള്‍ക്കും പ്രവര്‍ത്തിക്കാം.

കൊവിഡ് മുന്‍കരുതല്‍ നടപടികളും ശുചിത്വവും പാലിച്ച് കൊണ്ട് 30 ശതമാനം ശേഷിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തണം. ഫേസ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. അപ്പോയ്‌മെന്റ് വഴി മാത്രമേ ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ. 

തെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകള്‍ക്കും ജിം, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വാട്ടര്‍പാര്‍ക്കുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയ്ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാം. ഖത്തര്‍ ക്ലീന്‍പ്രോഗ്രാമിന്റെ അംഗീകാരം നേടിയ റെസ്റ്റോറന്റുകള്‍ക്കാണ് അനുമതി. റെസ്‌റ്റോറന്റിലെ ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഒരു​ടേബിളിൽ നാലുപേരെ മാത്രമേ അനുവദിക്കാവൂ. ഓഫീസുകള്‍ക്ക് 80 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. 20 ശതമാനം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇത്തരത്തില്‍ കര്‍ശന നിബന്ധനകളോടെയാണ് ഖത്തറില്‍ മൂന്നാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്.