ഖത്തര്‍ ലോകകപ്പിനെത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പൂര്‍ണമായും കൊവിഡ് മുക്തമായി ലോകകപ്പ് നടത്തുകയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

ദോഹ: ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കാനായി ചര്‍ച്ചകള്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദോഹ ഫോറത്തിന്റെ പങ്കാളികളായ ഒബ്‌സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷന്‍ നടത്തിയ ഈ വര്‍ഷത്തെ റെയ്‌സിന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഖത്തര്‍ ലോകകപ്പിനെത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് എങ്ങനെ വിജയിപ്പിക്കാന്‍ കഴിയുമെന്നതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പൂര്‍ണമായും കൊവിഡ് മുക്തമായി ലോകകപ്പ് നടത്തുകയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അതിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.