വിനോദ യാത്രയുടെ പുതിയ സീസൺ ‘വെയ്ൽ ഷാർക് ടൂർ’ പ്രഖ്യാപിച്ച് ഖത്തർ ടൂറിസം. 20-30 അടിയോളം വലുപ്പമുള്ള, 600ഓളം തിമിംഗല സ്രാവുകളാണ് ഒരു സീസണിൽ ഖത്തറിന്റെ പുറംകടലിലെത്തുന്നത്.
ദോഹ: ഖത്തറിന്റെ പുറംകടലിലെത്തുന്ന തിമിംഗല സ്രാവുകളെ ഏറ്റവും അടുത്തു കാണാനും അവയുടെ ചലനങ്ങൾ നിരീക്ഷിക്കാനുമായി അവസരമൊരുക്കുന്ന വിനോദ യാത്രയുടെ പുതിയ സീസൺ ‘വെയ്ൽ ഷാർക് ടൂർ’ ഖത്തർ ടൂറിസം പ്രഖ്യാപിച്ചു. ഖത്തറിന്റെ സമുദ്ര മേഖലയിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ മാസം വരെയാണ് തിമിംഗല സ്രാവുകൾ അതിഥികളായെത്തുന്നത്. പ്ലെയ്സ് വെൻഡോം മാളിൽ നടന്ന ചടങ്ങിലായിരുന്നു സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കുമായി ഡിസ്കവർ ഖത്തറുമായി സഹകരിച്ച് നടത്തുന്ന ഈ വേറിട്ട വിനോദ സഞ്ചാര പദ്ധതി അവതരിപ്പിച്ചത്.
തിമിംഗല സ്രാവുകൾ ഏറ്റവും കൂടുതൽ ഒത്തുചേരുന്നത് ഖത്തറിന്റെ വടക്കൻ മേഖലയിലെ കടൽ ഭാഗത്താണ്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ തിമിംഗല സ്രാവുകളുടെ സാന്നിധ്യമുള്ളത് ഇവിടെയാണ്. 20-30 അടിയോളം വലുപ്പമുള്ള, 600ഓളം തിമിംഗല സ്രാവുകളാണ് ഒരു സീസണിൽ ഖത്തറിന്റെ പുറംകടലിലെത്തുന്നത്. സമുദ്ര പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ശല്യമില്ലാതെ മത്സ്യങ്ങളെ നിരീക്ഷിക്കാൻ വിനോദസഞ്ചാരികളെ അനുവദിച്ച് പരിസ്ഥിതി സൗഹാർദമായ ടൂറിസം നടപ്പാക്കുകയാണ് ഖത്തർ ടൂറിസത്തിന്റെ ലക്ഷ്യം. തിമിംഗല സ്രാവുകളുടെ പെരുമാറ്റത്തെക്കുറിച്ചും, വംശനാശഭീഷണി നേരിടുന്ന ഈ സമുദ്രജീവിയെ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെക്കുറിച്ചും സന്ദർശകർക്ക് അറിവ് നൽകുന്നതും ലക്ഷ്യമിടുന്നു. പൊതു, സ്വകാര്യ സംഘടനകളുടെ പിന്തുണ കൊണ്ടാണ് ഈ വർഷത്തെ യാത്ര സാധ്യമാകുന്നത്. ഖത്തർ എനർജി, ഖത്തർ എയർവേയ്സ്, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, തീരദേശ അതിർത്തി സംരക്ഷണ വിഭാഗം തുടങ്ങിയവയുമായി സഹകരിച്ചാണ് തിമിംഗല സ്രാവുകളെ കാണാനുള്ള ടൂർ സംഘടിപ്പിക്കുന്നത്.
ജൂൺ 20ന് തുടക്കംകുറിക്കുന്ന സീസൺ സെപ്റ്റംബർ 19 വരെ നീണ്ടുനിൽക്കും. നേരത്തേ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഈ ടൂർ പാക്കേജിന്റെ ഭാഗമാവാൻ കഴിയുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും യാത്ര. ഹൈ സ്പീഡ് കാറ്റമാരൻ ബോട്ടിലേറിയുള്ള യാത്രയിൽ വിദഗ്ധ സംഘവും ഒപ്പമുണ്ടാവും. രണ്ടര മണിക്കൂർ യാത്രയിലൂടെ ബോട്ടിലിരുന്നും ഡെക്കിലുമായി തിമിംഗല സ്രാവുകളെ അരികിൽനിന്ന് കാണാൻ അവസരം ഒരുക്കും.
അൽ റുവൈസ് പോർട്ടിൽനിന്നാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്. 710 റിയാലാണ് ഒരാളുടെ ടൂർ ചെലവ്. ദോഹയിൽനിന്ന് റുവൈസ് പോർട്ടിലെത്താനുള്ള യാത്രസൗകര്യവും അധിക തുകയോടെ ബുക്ക് ചെയ്യാം. 2022ലാണ് ഖത്തർ ടൂറിസത്തിനു കീഴിൽ ആദ്യമായി ഇത്തരമൊരു വിനോദയാത്രാ പദ്ധതി ആരംഭിക്കുന്നത്. ഇതിനകം 1200ഓളം പേർക്ക് ടൂർ പാക്കേജിലൂടെ പുറംകടലിലെത്തി ഇവയെ കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്.
