Gulf News : ഇന്ത്യയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്കും സൗദിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധം
എന്നാല്‍ സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയവര്‍ക്കും മാത്രമെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവുണ്ടാകൂ.

റിയാദ് : ഇന്ത്യയില്‍(India) നിന്ന് രണ്ട് ഡോസ് വാക്‌സിന്‍(vaccine) സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക്(Saudi Arabia) നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍(Institutional qurantine) നിര്‍ബന്ധം.
സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയവര്‍ക്കും മാത്രമെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവുണ്ടാകൂ. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
സ്വദേശിവത്കരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.
നജ്റാനിലെ സ്വദേശിവത്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്‍ദുല്ല അല്‍ ദോസരിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊതുഗതാഗത അതോരിറ്റി ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. നജ്റാനിലും ശറൂറയിലും ഹബൂനയിലും പ്രവര്‍ത്തിക്കുന്ന 42 റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും ഏതാനും ചരക്ക് ഗതാഗത കമ്പനികളിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി. ഇവിടങ്ങളില്‍ 42 സ്വദേശികളും 28 പ്രവാസികളും ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ 78 ശതമാനം സ്വദേശിവത്കരണം ഇതിനോടകം നടപ്പിലായിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്തതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ഇവിടെ സ്വദേശികള്‍ക്ക് ലഭ്യമായ തൊഴില്‍ അവസരങ്ങളും അധികൃതര്‍ പരിശോധിച്ചു.