റിയാദ്: സൗദിക്കും ബഹ്റൈനുമിടയിലുള്ള കിങ് ഫഹദ് കോസ്‍ വേയ്ക്ക് സമാന്തരമായി റെയിൽവേ പാലം വരുന്നു. ആറു ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽവേയുടെ ഭാഗമായാണ് ഈ പാലം നിർമിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിർമാണം പുരോഗമിക്കുന്നതും നിലവിലുള്ളതും പുതുതായി നിർമിക്കാനൊരുങ്ങുന്നതുമായ റെയിൽപാതകൾ തമ്മിൽ ബന്ധിപ്പിച്ചാണ് വലിയ റെയിൽവേ ശൃംഖല വരുന്നത്. ബാക്കിയെല്ലായിടങ്ങളിലൂടെയും കരയിലൂടെ തന്നെ പാത കടന്നുപോകുമ്പോൾ ബഹ്റൈൻ ദ്വീപിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കാനാണ് കടൽ പാലം നിർമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നാണ് ജി.സി.സി റെയിൽവേ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ വരുന്നത്.