ദുബായ്: യുഎഇയില്‍ പെയ്ത കനത്തമഴയില്‍ റോഡ്,വ്യോമ ഗതാഗതം താറുമാറായി. തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗത്തെ ബാധിച്ചു. അപ്രതീക്ഷിതമായെത്തിയ മഴയില്‍ പലയിടങ്ങളിലും പാര്‍ക്ക് ചെത് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ദുബായി, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ നിന്നുള്ള സര്‍വീസുകളെ മഴ സാരമായി ബാധിച്ചു. റാസല്‍ഖൈ, ഫുജൈറ എമിറേറ്റുകളിലെ വാദികളെല്ലാം നിറഞ്ഞൊഴുകി.

പടിഞ്ഞാറൻ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ ഉഷ്ണമേഖലയിൽ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ തുടരുന്ന അസ്ഥിരാവസ്‌ഥയുമാണ്  കാറ്റിനും മഴയ്ക്കും കാരണം. വാദികളിലേക്കും കടല്‍തീരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. മഴയെതുടര്‍ന്ന് രാജ്യത്ത് താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്‍ന്നു.