കനത്ത ചൂട് തുടരുന്നതിനിടെ യുഎഇയില്‍ മഴ പെയ്തു.
അബുദാബി: യുഎഇയില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഖോര്‍ഫക്കാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മഴ പെയ്തു. കനത്ത ചൂട് തുടരുന്നതിനിടെ മഴ പെയ്തതോടെ രാജ്യത്ത് താപനിലയില്‍ കുറവ് രേഖപ്പെടുത്തി.
ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ് എന്നിവിടങ്ങളിലും ഫുജൈറയിലെ അൽ ഖുറയ്യ, മിർബി ഭാഗങ്ങളിലുമാണ് മഴ ലഭിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അൽഐനിലെ റക്നയിലാണ്. ഇവിടെ വെള്ളിയാഴ്ച രാവിലെ 5.45ന് 16.6 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. 42 ഡിഗ്രിയാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ചൂട്. അൽജസീറയിൽ ഉച്ചയ്ക്ക് 2.30നാണ് ഈ താപനില രേഖപ്പെടുത്തിയത്. ഇന്ന് കിഴക്ക്, വടക്ക് പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു.
