അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ രാജ്യത്തെ പല സ്ഥലങ്ങളിലും മഴ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിടിവങ്ങളില്‍ ലഭിച്ച മഴ ക്ലൗഡ് സീഡിങ് കാരണമുണ്ടായതാണ്. വെള്ളിയാഴ്ച മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. ഞായറാഴ്ചയോടെ കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകും. മഴയുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ പാലിക്കേണ്ട വേഗപരിധി ഇലക്ട്രോണിക് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് കര്‍ശനമായി പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും ഓരോ സമയത്തും അധികൃതര്‍ നല്‍കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും വേണം. യുഎഇ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റിയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.