ചൊവ്വാഴ്‍ച പ്രദേശിക സമയം രാത്രി 7.30ഓടെയാണ് നോര്‍ത്ത് അല്‍ ബാത്തിനയില്‍ മഴ തുടങ്ങിയത്. ശക്തമായ കാറ്റും ആഴിപ്പഴ വര്‍ഷമുണ്ടായിരുന്നു. 

മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്‍ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളുടെ ഭാഗങ്ങള്‍ തകരുകയും ചെയ്‍തു. വാദികള്‍ നിറഞ്ഞൊഴുകി. നിരവധി വാഹനങ്ങള്‍ തകരാറിലാവുകയും ചെയ്‍തു.

വസ്‍തുവകകള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്‍ച പ്രദേശിക സമയം രാത്രി 7.30ഓടെയാണ് നോര്‍ത്ത് അല്‍ ബാത്തിനയില്‍ മഴ തുടങ്ങിയത്. ശക്തമായ കാറ്റും ആഴിപ്പഴ വര്‍ഷമുണ്ടായിരുന്നു. ഷിനാസ്, ലിവ, സോഹാര്‍, സഹം എന്നിവിടങ്ങളിലാണ് കൂടുതലായി മഴ ലഭിച്ചത്. മരങ്ങള്‍ കടപുഴകി വീടുകളുടെയും വാഹനങ്ങളുടെയും മുകളില്‍ പതിച്ചതാണ് വലിയ നാശനഷ്‍ടങ്ങള്‍ക്ക് കാരണമായത്. സഹമിലെ അല്‍ മഹാ പെട്രോളിയം സ്റ്റേഷനും കനത്ത കാറ്റില്‍ തകര്‍ന്നു. 

ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത് കാരണം പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ അവശിഷ്ടങ്ങളില്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി രക്ഷപ്പെടുത്തി. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷവും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദോഫാര്‍, മുസന്ദം ഗവര്‍ണറേറ്റുകളിലും തീര പ്രദേശങ്ങളിലുമാണ് കൂടുതല്‍ മഴയ്‍ക്ക് സാധ്യത.