നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന്റെ പാസ്‍പോർട്ട് കാലാവധി തീർന്നതോടെയാണ് ദുരിതം ആരംഭിക്കുന്നത്. പാസ്‍പോർട്ട് പുതുക്കുന്നതിനായി സ്‌പോൺസറെ ഏൽപ്പിച്ച ശേഷം തിരിച്ചുനൽകിയില്ല. അതിനിടെ ഇഖാമ കാലാവധിയും തീർന്നു.
റിയാദ്: സൗദി അറേബ്യയിൽ ഏഴ് വർഷമായി ദുരിതത്തിൽ കഴിഞ്ഞ രാജൻ കുമാരന് നാട്ടിൽ പോകാനുള്ള വഴിയൊരുങ്ങി. അൽ ഖസീമിലെ ബുഖൈരിയയിൽ ദുരിതത്തിലായിരുന്ന ഇദ്ദേഹത്തിന് സഹായഹസ്തവുമായി എത്തിയത് ഖസീം പ്രവാസി സംഘത്തിന്റെ ജീവകാരുണ്യ സെല്ലാണ്. മൂന്ന് മാസത്തെ പ്രയത്നത്തിനൊടുവിൽ രാജൻ കുമാരന്റെ യാത്രാരേഖകൾ, കഴിഞ്ഞദിവസം ജീവകാരുണ്യ സെൽ പ്രവർത്തകരായ സാജിദ് ചെങ്കളം, അൻഷാദ് മനയിൽ, നൈസാം തൂലിക എന്നിവർ ചേർന്ന് കൈമാറി. മെയ് നാലിന് റിയാദിൽ നിന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ രാജൻ മതിയായ താമസരേഖകളോ ജോലിയോ ഇല്ലാതെ ഏഴ് വർഷത്തോളമായി ദുരിതത്തിൽ കഴിയുകയായിരുന്നു. റിയാദിനടുത്ത് നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന്റെ പാസ്‍പോർട്ട് കാലാവധി തീർന്നതോടെയാണ് ദുരിതം ആരംഭിക്കുന്നത്. പാസ്‍പോർട്ട് പുതുക്കുന്നതിനായി സ്‌പോൺസറെ ഏൽപ്പിച്ച ശേഷം തിരിച്ചുനൽകിയില്ല. അതിനിടെ ഇഖാമ കാലാവധിയും തീർന്നു. സ്‌പോൺസറെ ബന്ധപ്പെട്ടപ്പോൾ വിദൂരസ്ഥലങ്ങളിൽ എവിടെയെങ്കിലും പോയി ജോലിചെയ്യാനുള്ള നിർദ്ദേശമാണ് ലഭിച്ചതെന്ന് രാജൻ പറയുന്നു.
നിലവിൽ രണ്ട് വർഷമായി താമസരേഖകളോ ജോലിയോ ഇല്ലാതെ ബുകേരിയയിലായിരുന്നു താമസം. ചിലപ്പോഴൊക്കെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രാജന് സുഹൃത്തുക്കൾ നൽകുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. വിവരമറിഞ്ഞ് ഖസീം പ്രവാസി സംഘം ബുകേരിയ യൂനിറ്റ് പ്രവർത്തകർ രാജനെ സന്ദർശിച്ച് വിവരങ്ങൾ കേന്ദ്ര ജീവകാരുണ്യ സെൽ വഴി ഇന്ത്യൻ എംബസിയെ അറിയിച്ചു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇതിനുവേണ്ടി സഹകരിച്ച സൗദി ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസ്സി, സാമൂഹ്യ പ്രവർത്തകൻ ഹരിലാൽ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി നൈസാം തൂലിക അറിയിച്ചു.
