കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായിരുന്നു. റാസല്‍ഖൈമയിലെ വാദി ബിഹില്‍ മൂന്ന് വാഹനങ്ങളിലായി എട്ട് പേരാണ് ഞായറാഴ്ച വെള്ളത്തിന് നടുവില്‍ കുടുങ്ങിയത്. രണ്ട് സ്വദേശി കുടുംബങ്ങളും ഒരു പ്രവാസി കുടുംബവുമായിരുന്നു ഈ വാഹനങ്ങളില്‍. 

റാസല്‍ഖൈമ: ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളുമായി അകപ്പെട്ടുപോയ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച പൊലീസുകാരന് അഭിനന്ദനപ്രവാഹം. റാസല്‍ഖൈമ പൊലീസിലെ ഉദ്യോഗസ്ഥന്‍ സലീം ഹുസൈന്‍ അല്‍ ഹൂതിയെന്ന 25കാരനാണ് ജീവന്‍പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവര്‍ പൊലീസുകാരനെ സോഷ്യല്‍ മീഡിയയിലൂടെ അനുമോദിച്ചു.

View post on Instagram

കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായിരുന്നു. റാസല്‍ഖൈമയിലെ വാദി ബിഹില്‍ മൂന്ന് വാഹനങ്ങളിലായി എട്ട് പേരാണ് ഞായറാഴ്ച വെള്ളത്തിന് നടുവില്‍ കുടുങ്ങിയത്. രണ്ട് സ്വദേശി കുടുംബങ്ങളും ഒരു പ്രവാസി കുടുംബവുമായിരുന്നു ഈ വാഹനങ്ങളില്‍. വിവരം ലഭിച്ചതിന് പിന്നാലെ സന്നാഹങ്ങളുമായി വാഹനത്തില്‍ നാലംഗ പൊലീസ് സംഘമെത്തി. ശക്തിയായ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുമെന്ന അവസ്ഥയിലായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവരെ ആശ്വസിപ്പിക്കുകയായിരുന്നു താന്‍ ആദ്യം ചെയ്തതെന്ന് സലീം സലീം ഹുസൈന്‍ അല്‍ ഹൂതി പറഞ്ഞു. 

View post on Instagram

വെള്ളത്തിലേക്ക് ഇറങ്ങി, കാറുകള്‍ പൊലീസ് വാഹനവുമായി ബന്ധിപ്പിച്ചു. പിന്നീട് ഓരോ വാഹനങ്ങളായി കെട്ടിവലിച്ച് വെള്ളത്തിന് പുറത്തെത്തിക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കിനിടയില്‍ ദുഷ്കരമായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അഭിനന്ദനങ്ങള്‍ പ്രവഹിച്ചത്. എന്നാല്‍ താന്‍ തന്റെ ജോലി ചെയ്തുവെന്ന് മാത്രമേയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളെ രക്ഷിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് റാസല്‍ഖൈമ ഭരണാധികാരി ശൈഖ് ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ...
'ജനങ്ങളുടെ സുരക്ഷയ്ക്കും സഹായത്തിനും ഏതു സാഹചര്യത്തിലും റാസൽഖൈമ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നത് വളരെ അഭിമാനം നൽകുന്ന കാര്യമാണ്. റാസൽഖൈമ പൊലീസിലെ സലീം ഹുസൈൻ അൽ ഹുതിയുടെ ധീരമായ പ്രവൃത്തി ഈയാഴ്ച നമ്മള്‍ കണ്ടു. വാഹനത്തിൽ കുടുങ്ങിയ എട്ടു പേരെ സ്വന്തം ജീവൻ പോലും പണയം വച്ച് ഏറെ ധൈര്യത്തോടെ അദ്ദേഹം രക്ഷിച്ചു. സഹപ്രവർത്തകരുടെ സഹായത്തോടെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്നും അവരെ സംരക്ഷിക്കാൻ ആ ഉദ്യോഗസ്ഥന് സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഞാൻ എന്റെ നന്ദിയും ബഹുമാനവും അറിയിക്കുന്നു. പ്രത്യേകിച്ച് സലീം ഹുസൈൻ അൽ ഹുതിയോട്'