റിയാദ്: കോഴിക്കോട് സ്വദേശിയുടെ ഭാര്യയും കുഞ്ഞും സൗദി അറേബ്യയിലെ മദീനയിലെ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയായില്ല. രോഗബാധിതനായി മദീനയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മണിപ്പൂര്‍ സ്വദേശിനി ലക്ഷ്മി ദേവി, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിജുവിന് കൊവിഡ്  ബാധിച്ചെന്നും സൂചനയുണ്ട്. ഒപ്പം താമസിച്ചിരുന്ന ബിജുവിന്റെ 70 വയസ് പ്രായമായ അമ്മയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് കൃത്യമായി സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുളളത്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. യുവതിയും കുഞ്ഞും ഫ്ലാറ്റിനുള്ളില്‍ മരിച്ചു കിടക്കുമ്പോള്‍ അകത്തുകയറാനാവാതെ പൂട്ടിയ വാതിലിന് മുന്നില്‍ ഏറെനേരമായി ബിജുവിന്റെ അമ്മ നില്‍ക്കുന്നത് കണ്ട് തൊട്ടടുത്ത ഫ്ലാറ്റിലുള്ളവര്‍ വന്ന് കാര്യം അന്വേഷിക്കുമ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നും തനിക്ക് അകത്തുകയറാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നത്.

തുടര്‍ന്ന് പൊലീസെത്തി വാതില്‍ തുറന്ന് അകത്തുകയറി നോക്കുമ്പോഴാണ് യുവതിയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവത്തിലെ ദുരൂഹത ഇനിയും വെളിവായിട്ടില്ല. കുഞ്ഞിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ മദീനയിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രവാസി മലയാളിയുടെ ഭാര്യയും കുഞ്ഞും താമസ സ്ഥലത്ത് മരിച്ച നിലയില്‍