കുവൈത്ത്: സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, നവകേരള നിർമ്മാണത്തിന് കുവൈത്തിൽ നിന്ന് നൽകാമെന്ന് വാഗ്‌ദാനം ചെയ്ത തുക നൽകാൻ ലോക കേരള സഭയ്ക്ക് സാധിച്ചില്ല.

കുവൈത്തിൽ നിന്നും 30 കോടി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വർഷത്തിനു ശേഷം നൽകിയത് വെറും 13.5 കോടി മാത്രമാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെത്താത്തതാണ് ഇതിന് കാരണമെന്നാണ് കുവൈത്തിലെ ലോക കേരളാ സഭാംഗങ്ങളുടെ വിശദീകരണം.

നോർക്ക ഡയറക്ടർ രവി പിള്ളയുടെ നേതൃത്വത്തിൽ കുവൈത്തിൽ നടന്ന നവകേരള സൃഷ്ടി വിഭവ സമാഹരണത്തിൽ 30 കോടി പിരിച്ച് നൽകുമെന്നാണ് പറഞ്ഞത്. ഇതിന്റെ ആദ്യഘട്ടമായി 7.8 കോടി രൂപ രവി പിള്ള മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ചോദിച്ചപ്പോൾ സമാഹരണം 30 കോടി എന്നത് 16.44 കോടി രൂപ സമാഹരിച്ചു എന്നായി. ഇതിൽ 11 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സാലറി ചലഞ്ച്, എംഒയു തുടങ്ങിയവ വഴി ബാക്കി തുക ഓഗസ്റ്റിൽ കൈമാറുമെന്നും അംഗങ്ങൾ ജനുവരിയിൽ വ്യക്തമാക്കി. എന്നാൽ സെപ്റ്റംബർ വരെ പിരിഞ്ഞ് കിട്ടിയത് 13.5 കോടി മാത്രമാണ്. 

മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിൽ എത്താത്തതാണ് ഇതിന് കാരണമായി ലോക കേരള സഭ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രവാസി നയത്തിൽ പ്രതിഷേധിച്ച് രണ്ട് ലോക കേരളാ സഭാംഗങ്ങൾ ഇപ്പോൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.