ദുബായ്: ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ യുഎഇയിലെ ജനങ്ങളെയോ സന്ദര്‍ശകരെയോ ബാധിക്കില്ലെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലകളും സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഇപ്പോഴത്തെ സംഘര്‍ഷം ലഘൂകരിക്കേണ്ടതുണ്ടെന്നും പരസ്‍പരം ചര്‍ച്ചകളും രാഷ്ട്രീയ പരിഹാരവുമാണ് ആവശ്യമെന്നും യുഎഇ അഭിപ്രായപ്പെട്ടു. മേഖലയിലെ ഇപ്പോഴത്തെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയാണ് അത്യാവശ്യം. സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദുബായി മീഡിയാ ഓഫീസും കഴിഞ്ഞ ദിവസം അറിയിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു മീഡിയാ ഓഫീസിന്റെ നിര്‍ദ്ദേശം. യുഎസ് ഇറാന്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായി മീഡിയാ ഓഫീസിന്‍റെ വിശദീകരണം. ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ല. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണ്. ഇറാനിയൻ സർക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.