ഇസ്രയേൽ-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ചർച്ച നടത്തി. ഇസ്രയേൽ, ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച അദ്ദേഹം, മേഖലയിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു
ദില്ലി: ഇസ്രയേലും ഇറാനുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് ആദ്യം എസ് ജയ്‌ശങ്കർ സംസാരിച്ചത്.പിന്നീട് യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.
നിരവധി രാജ്യങ്ങൾ തമ്മിൽ പശ്ചിമേഷ്യയെ ആകെ അസ്വസ്ഥമാക്കി തുടരുന്ന ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇറാനെതിരെയും ഇറാനും ആക്രമണം പാടില്ലെന്നതാണ് നിലപാട്. എല്ലാ രാജ്യങ്ങളിലും ഇന്ത്യാക്കാർ ഉള്ളതിനാൽ ഇവരുടെ സുരക്ഷിതത്വവും സംഭാഷണത്തിനിടെ അദ്ദേഹം ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിക്കുന്നു. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് എല്ലാ രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് നൽകിയിരിക്കുന്ന ഉറപ്പ്.


