സൗദി അറേബ്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടായ റിയാദിലെ റെഡ് പാലസ്, ഒരു ആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറാൻ ഒരുങ്ങുന്നു. സൗദി വിഷൻ 2030-ന്റെ ഭാഗമായി ബൂട്ടീക് ഗ്രൂപ്പ് പുനരുദ്ധരിക്കുന്ന ഈ ചരിത്രമന്ദിരം, തനിമ നിലനിർത്തിക്കൊണ്ട് ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
റിയാദ്: സൗദി അറേബ്യയുടെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലും വാസ്തുവിദ്യയിലും നിർണായക സ്ഥാനമുള്ള റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്‌മർ) അതിആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറുന്നു. പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കുന്നതിെൻറ മുന്നോടിയായി കൊട്ടാരത്തിെൻറ തനിമയും ചരിത്രമഹിമയും ചോർന്നുപോകാതെയുള്ള പുതിയ ലോഗോയും ഔദ്യോഗിക ദൃശ്യരൂപവും അധികൃതർ പുറത്തിറക്കി.
സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിെൻറ (PIF) പൂർണ ഉടമസ്ഥതയിലുള്ള ആതിഥേയ സേവന കമ്പനിയായ ‘ബൂട്ടീക് ഗ്രൂപ്പ്’ ആണ് സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഈ ചരിത്രമന്ദിരത്തെ പുനരുദ്ധരിക്കുന്നത്. ഈ വർഷം തന്നെ ഹോട്ടലിെൻറ ഉദ്ഘാടനം ഉണ്ടാകും.
കൊട്ടാരത്തിന്‍റെ ഭിത്തികളിലെ പഴയ പ്ലാസ്റ്റർ കൊത്തുപണികളിൽ കാണുന്ന റോസാപ്പൂ മാതൃകയാണ് പുതിയ ലോഗോയിലെ പ്രധാന ചിഹ്നം. കൊട്ടാരത്തിെൻറ മുൻവശത്തെ നിർമാണശൈലിയെ അനുസ്മരിപ്പിക്കുന്ന ഡയമണ്ട് ഡിസൈനും ഉൾവശത്തെ ഇരുമ്പ് അലങ്കാരപ്പണികളും തനത് വാസ്തുവിദ്യയുമാണ് ലോഗോയുടെ മറ്റ് വരകൾക്കും കോണുകൾക്കും ആധാരം. സൗദിയുടെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന ദേശീയ ചിഹ്നവും ഇതിലുണ്ട്. കേവലമൊരു ചിഹ്നത്തിനപ്പുറം കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്ക് ലഭിക്കാൻ പോകുന്ന രാജകീയ അനുഭവത്തിെൻറയും പരമ്പരാഗത കരകൗശലവിദ്യയുടെയും പ്രതിഫലനമാണ് ഈ ലോഗോയെന്ന് ബൂട്ടീക് ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജ്‌മെന്റ് മേധാവി സാമി അൽ അഖ്‌ല വ്യക്തമാക്കി.
റിയാദ് നഗരമധ്യത്തിലെ വാണിജ്യകേന്ദ്രമായ ബത്‌ഹയോട് ചേർന്ന് അൽ മുറബ്ബ/അൽ ഫൂത്ത മേഖലയിലാണ് റെഡ് പാലസ് സ്ഥിതി ചെയ്യുന്നത്. മൂന്നാം സൗദി രാഷ്ട്രത്തിെൻറ ഭരണസിരാകേന്ദ്രമായിരുന്ന മുറബ്ബ കൊട്ടാരത്തിെൻറയും നാഷണൽ മ്യൂസിയത്തിെൻറയും വളപ്പിലാണ് ഈ സമുച്ചയമുള്ളത്. എൺപത് വർഷത്തെ ചരിത്രമുള്ള റെഡ് പാലസിന് പിന്നിൽ യാദൃച്ഛികമായ ഒരു തുടക്കമുണ്ട്. 1943-ൽ അന്നത്തെ കിരീടാവകാശിയായിരുന്ന സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരെൻറ മൺകൊട്ടാരം തീപിടിത്തത്തിൽ പൂർണമായി നശിച്ചു. തുടർന്ന് മകനായി കൂടുതൽ സുരക്ഷിതമായ പുതിയ കൊട്ടാരം പണിയാൻ രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് ഉത്തരവിടുകയായിരുന്നു.
പ്രമുഖ കരാറുകാരനായ മുഹമ്മദ് ബിൻ ലാദെൻറ മേൽനോട്ടത്തിൽ 1948-ൽ നിർമാണം പൂർത്തിയായ ഈ കെട്ടിടമാണ് റിയാദ് നഗരത്തിൽ കമ്പിയും സിമന്റും ഉപയോഗിച്ച് നിർമിച്ച ഏറ്റവും ആദ്യത്തെ കെട്ടിടം. സഊദ് രാജകുമാരന് ഇഷ്ടപ്പെട്ട യൂറോപ്യൻ വാസ്തുവിദ്യാ ശൈലിയും ആർട്ട് ഡെക്കോ രീതികളും സൗദിയുടെ പരമ്പരാഗത ഡിസൈനുകളും സമന്വയിപ്പിച്ചാണ് ഇത് നിർമിച്ചത്. ഭിത്തികൾ നൽകിയ ചുവപ്പുകലർന്ന പ്ലാസ്റ്റർ ഭംഗിയാണ് ഇതിന് ‘റെഡ് പാലസ്’ എന്ന പേര് നൽകിയത്.
1953-ൽ അബ്ദുൽ അസീസ് രാജാവിെൻറ മരണശേഷം സഊദ് രാജാവ് ഭരണമേറ്റെടുത്തതോടെ റെഡ് പാലസ് രാജ്യത്തിെൻറ പ്രധാന ഭരണകേന്ദ്രമായി മാറി. ലോകനേതാക്കൾ പങ്കെടുത്ത സുപ്രധാന അന്താരാഷ്ട്ര ചർച്ചകൾക്ക് ഇത് വേദിയായി. 1956-ൽ സഊദ് രാജാവ് ഔദ്യോഗിക വസതി അൽ നസറിയ കൊട്ടാരത്തിലേക്ക് മാറ്റിയതോടെ റെഡ് പാലസ് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക ആസ്ഥാനമാക്കി. തുടർന്ന് 32 വർഷക്കാലം സഊദ് രാജാവ്, ഫൈസൽ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ് എന്നീ നാല് ഭരണാധികാരികളുടെ കാലത്ത് സൗദിയുടെ ആഭ്യന്തര നയങ്ങളും സാമ്പത്തിക വളർച്ചയും തീരുമാനിച്ച നിർണായക മന്ത്രിസഭാ യോഗങ്ങളെല്ലാം നടന്നത് ഇവിടെയായിരുന്നു.
1988-ൽ മന്ത്രിസഭാ ആസ്ഥാനം അൽ യമാമ കൊട്ടാരത്തിലേക്ക് മാറ്റിയപ്പോൾ, ഇത് രാജ്യത്തെ ഭരണനിർവഹണ കോടതിയായ ‘ബോർഡ് ഓഫ് ഗ്രീവൻസസിെൻറ’ (ദീവാൻ അൽ മസാലിം) ഓഫീസായി. രണ്ടായിരത്തിെൻറ തുടക്കം വരെ കോടതിയായി പ്രവർത്തിച്ച മന്ദിരം പിന്നീട് അടച്ചിട്ടു. 2019-ൽ സൗദി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച കലാപ്രദർശനത്തിലൂടെ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പൊതുജനങ്ങൾക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത്. ചരിത്രപരമായ പള്ളിയും വാസ്തുവിദ്യാ ഭംഗിയും ചോർന്നുപോകാതെയാണ് റെഡ് പാലസ് ഇപ്പോൾ ലോകോത്തര നിലവാരമുള്ള ആഡംബര അതിഥിസത്കാര കേന്ദ്രമായി മാറാൻ ഒരുങ്ങുന്നത്.


