ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് മാർപാപ്പ കുർബാന അർപ്പിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ അടുത്തമാസം ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി. നാല് ദിവസത്തെ സന്ദർശത്തിനായി അടുത്തമാസം മൂന്നിനാണ് മാർപാപ്പ ബഹ്റൈനിലെത്തുന്നത്. അഞ്ചിന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് കുർബാന.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് മാർപാപ്പ കുർബാന അർപ്പിക്കുന്നത്. കുർബാനയിൽ പങ്കെടുക്കാൻ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും രജിസ്ട്രേഷൻ. bahrainpapelvisit.org എന്ന വെബ്‍സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കും.
Read also: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കും
അടുത്ത മാസം മൂന്നിന് ബഹറൈനിലെത്തുന്ന മാർപാപ്പ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയെ സഖീർ റോയൽ കൊട്ടാരത്തിൽ സന്ദർശിക്കും. നാലിന് 'മനുഷ്യരുടെ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും' എന്ന വിഷയത്തിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന്‍റെ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ഇരുനൂറിലേറെ മതനേതാക്കളും പണ്ഡിതരും ചർച്ചകളിൽ പങ്കെടുക്കും.
ഗൾഫിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥിതി ചെയ്യുന്ന മനാമയിലും ഏറ്റവും വലിയ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നായ അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിലും ഫ്രാന്‍സിസ് മാർപ്പാപ്പ സന്ദർശനം നടത്തും. ദേശീയ - മത നേതാക്കളെ കാണുന്നതിനൊപ്പം പ്രാദേശിക സ്കൂളുകളിലും അദ്ദേഹം പോകും. ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യ സന്ദർശനം നടത്തിയ പോപ്പും, ഫ്രാൻസിസ് മാർപ്പാപ്പയാണ്. 2019ൽ അബുദാബിയിലാണ് മാർപ്പാപ്പ സന്ദർശനം നടത്തിയത്.
Read also: 10 മാസമായി ശമ്പളമില്ല, ഇപ്പോള്‍ ഭക്ഷണവും മുടങ്ങി; മലയാളികളടക്കം നാന്നൂറോളം പ്രവാസികള്‍ ദുരിതത്തിൽ
