ദുബായ്: മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ 28കാരിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 4.5 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ബന്ധു കൊടുത്തയച്ച ബാഗാണ് ഇവരെ കുടുക്കിയത്.

ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ എക്സ് റേ പരിശോധന നടത്തിയപ്പോള്‍ അസാധാരണമായ ചില വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടു. ഇതോടെ വിശദമായ പരിശോധന നടത്തി. ബാഗിനുള്ളിലുണ്ടായിലുന്ന ഭക്ഷ്യ ധാന്യപ്പൊടിയുടെ അകത്ത് മറ്റൊരു കവറിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു തന്നയച്ചതാണെന്നും അവരുടെ മകള്‍ക്ക് കൈമാറാന്‍ പറഞ്ഞുവെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. ബാഗിനുള്ളില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവര്‍ വാദിച്ചു.

ബാഗ് കൈമാറേണ്ടിയിരുന്ന ബന്ധുവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. 32കാരയായ ഇവര്‍ക്കും കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇവരുവരെയും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം നാടുകടത്തും. വിധിക്കെതിരെ ഇരുവര്‍ക്കും 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും.