രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 2020 ഡിസംബര്‍ അവസാനത്തോടെ 74.3 ശതമാനം കുറഞ്ഞു.

മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ മാസത്തില്‍ 70 ശതമാനത്തിലേറെ കുറവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 2020 ഡിസംബര്‍ അവസാനത്തോടെ 74.3 ശതമാനം കുറഞ്ഞെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് സന്ദര്‍ശകരുടെ എണ്ണം 4,565,676 ആയി. 2020 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 39,353 ട്രിപ്പുകളാണ് വിമാനങ്ങള്‍ നടത്തിയിട്ടുള്ളത്. 2019ലേതിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 2020 ഡിസംബറില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും മസ്‌കറ്റ് വിമാനത്താവളം വഴി സഞ്ചരിച്ചത്.