വന്ദേഭാരത് മിഷനിലൂടെ കൊവിഡ് പ്രതിസന്ധിക്കിടെ സൗദി അറേബ്യയില്‍ നിന്ന് മൂന്ന് ലക്ഷം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് സാധിച്ചതായി അംബാസഡർ പറഞ്ഞു. 

റിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യന്‍ എംബസി ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികൾ പെങ്കടുത്തു. രാവിലെ ഒമ്പതിന് അംബാസഡർ ഡോ. ഔസാഫ് സഈദ് ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ പ്രസംഗം അംബാസഡർ വായിച്ചു. 

വന്ദേഭാരത് മിഷനിലൂടെ കൊവിഡ് പ്രതിസന്ധിക്കിടെ സൗദി അറേബ്യയില്‍ നിന്ന് മൂന്ന് ലക്ഷം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് സാധിച്ചതായി അംബാസഡർ പറഞ്ഞു. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ ചെലുത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. സുരക്ഷ, പ്രതിരോധ സഹകരണം, ഊർജം, ഭക്ഷ്യ സുരക്ഷ, സാമ്പത്തികം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ ഇന്ത്യയും സൗദിയും പരസ്പര സഹകരണം ശക്തമാണെന്നും അംബാസഡര്‍ പറഞ്ഞു. 

ഇന്ത്യന്‍ സ്‌കൂൾ വിദ്യാര്‍ഥികൾ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. എംബസി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ ചടങ്ങ് നിയന്ത്രിച്ചു. സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരത് സമ്മാന്‍ ജേതാവുമായ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ രക്തദാന കാമ്പയിനും എംബസി അങ്കണത്തില്‍ നടന്നു.