Asianet News MalayalamAsianet News Malayalam

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങാന്‍ അപേക്ഷിക്കാം; 30 ലക്ഷം രൂപ വരെ വായ്പ

15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ പ്രമുഖ ബാങ്കുകള്‍ വഴി വായ്പ അനുവദിക്കും.

returning expats get 30 lakh loan to start pravasi store
Author
Thiruvananthapuram, First Published Aug 22, 2020, 10:47 AM IST

ദുബായ്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി നോര്‍ക്ക സപ്ലൈകോയുമായി ചേര്‍ന്ന് നടത്തുന്ന പ്രവാസി സ്റ്റോര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായാണിത്. 

മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ മാതൃകയിലുള്ള കടകള്‍ ആരംഭിക്കാം. 15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ പ്രമുഖ ബാങ്കുകള്‍ വഴി വായ്പ അനുവദിക്കും. 700 ചതുരശ്ര അടിക്ക് താഴെ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മാവേലി സ്റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലും കടകള്‍ ആരംഭിക്കുന്നതിനാണ് അനുവാദം. കടയുടെ ഫര്‍ണിഷിങ്, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവര്‍ വഹിക്കണം. അടുത്തിടെ നാട്ടിലേക്ക് മടങ്ങിയവര്‍ക്കാണ് മുന്‍ഗണന. 

സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വില്‍ക്കുന്നതിനും ഉപാധികളോടെ അനുമതിയുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ 5 കിലോമീറ്റര്‍ പരിധിയിലും മുന്‍സിപ്പാലിറ്റിയില്‍ 4 കിലോമീറ്റര്‍ പരിധിയിലും സപ്ലൈകോയുടെ ഏതെങ്കിലും വില്‍പ്പനശാലയുണ്ടെങ്കില്‍ പ്രവാസി സ്റ്റോര്‍ അനുവദിക്കില്ല. കോര്‍പ്പറേഷനില്‍ മൂന്ന് കിലോമീറ്ററാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ  www.norkaroots.org യിൽ നൽകാം. വിശദവിവരം 0471 2329738, 2320101 എന്നീ ഫോൺ നമ്പറിലും (ഓഫീസ് സമയം) 8078258505 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭിക്കും. loannorka@gmail.com എന്ന ഇ-മെയിലിലും സംശയങ്ങൾ അയയ്ക്കാം.ടോൾ ഫ്രീ നമ്പർ. 1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം).

Follow Us:
Download App:
  • android
  • ios