കോഴിക്കോട്: കഴിഞ്ഞ മാസം അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ ആത്മശാന്തിക്കുവേണ്ടി ക്ഷേത്രത്തില്‍ അന്നദാനം. ഒമാനില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് കോഴിക്കോട് എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് നാലായിരം പേര്‍ക്ക് അന്നദാനം നല്‍കിയത്.

സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ഫ്ലക്സുകളാണ് ഇതിനായി ക്ഷേത്രത്തിന് സമീപപ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്നത്. സുല്‍ത്താന്റെ പേരില്‍  അന്നദാനം നടത്താന്‍ അനുമതി തേടിയപ്പോള്‍ ക്ഷേത്ര കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. നേരത്തെ സുല്‍ത്താന്‍ ഖാബൂസ് ചികിത്സയില്‍ കഴിഞ്ഞപ്പോഴും കാക്കന്നൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.